ബ്രഹ്‍മപുരം മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടുത്തവും അത് മൂലമുണ്ടായ സാമൂഹിക ആഘാതവും ഇരട്ടിപ്പിച്ച് കാണിക്കുന്നതാണെന്ന് ന്യായീകരിക്കുന്നവരെ വിമര്‍ശിച്ച് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു. റോണി മാനുവല്‍ ജോസഫ് എന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍റെ സമാന അഭിപ്രായമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് ആഷിക് അബു വിഷയത്തില്‍ തന്‍റെ നിലപാട് അറിയിച്ചിരിക്കുന്നത്. മുന്‍പ് നോട്ട് നിരോധന സമയത്ത് ന്യായീകരണം ചമച്ചവരെപ്പോലെയാണ് ബ്രഹ്‍മപുരം വിഷയം കാര്യമാത്രപ്രസക്തമല്ലെന്ന് വാദിക്കുന്നവരെന്ന് ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.
നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും എന്ന തലക്കെട്ടില്‍ റോണി മാനുവല്‍ ജോസഫ് പങ്കുവച്ച പോസ്റ്റ് ഇപ്രകാരമായിരുന്നു. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള പോസ്റ്റ് ആണിത്.
നോട്ട് നിരോധന സമയത്ത് നിരോധന ഫാന്‍സ് പൊതുവെ ന്യായീകരിച്ചിരുന്നത് ഇപ്രകാരമാണ്.
1. ഞാന്‍ അടുത്തുള്ള ബാങ്കുകളില്‍ പോയി നോക്കി. അവിടെ നോട്ട് മാറാനുള്ള ക്യൂ ഒന്നും ഇല്ല
2. എന്‍റെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ആളുകള്‍ ചിരിച്ചോണ്ട് ആണ് നോട്ട് മാറാന്‍ വരുന്നതെന്ന് അവന്‍ പറഞ്ഞു.
3. ഞങ്ങടെ പഞ്ചായത്തില്‍ ഒരു ബാങ്കിലും ആരും ഇതുവരെ തല കറങ്ങി വീണില്ല എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
4. എല്ലാ ആരോപണവും ദേശദ്രോഹികള്‍ പറഞ്ഞുണ്ടാക്കുന്നതാണ്.
ഇനി തീപിടുത്ത ഫാന്‍സ്
1. ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല.
2. തൃപ്പൂണിത്തുറ ഉള്ള എന്‍റെ അളിയന്‍ വിളിച്ചു, അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.
3. എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ ഗവണ്‍മെന്റിനെ ഏല്‍പ്പിക്കുന്നു.
4. എല്ലാ ആരോപണവും സംസ്ഥാന ഗവണ്‍മെന്‍റിനെ തകര്‍ക്കാന്‍ വേണ്ടിയാണ്.
അതേസമയം ആഷിക് അബു പങ്കുവച്ചത് ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള പോസ്റ്റ് ആണെന്ന് മനസിലാക്കാതെ അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവരുമുണ്ട്.