പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതിപക്ഷത്തിനുമെതിരായ മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ‘സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയെയും അമ്മായി അച്ഛനെയും പഞ്ഞിക്കിടുമ്പോൾ അതിനോട് ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്’ എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുതെന്ന് റിയാസ് ഇന്ന് നിയമസഭയിൽ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. പോത്തൻകോടിനടുത്ത് ചേങ്കോട്ടുകോണത്ത് 16 വയസ്സുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ഇന്ന് പ്രതിഷേധം അരങ്ങേറിയിരുന്നു. സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുകയാണെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് നിയമസഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലേക്കിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കണമെന്നും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
മാനേജ്മെന്‍റ് ക്വാട്ടയിൽ മന്ത്രിയായ പി.എ. മുഹമ്മദ് റിയാസിന് പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് തുടർന്ന് പ്രതിപക്ഷ നേതാവ് നടത്തിയ വാർത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നു. ‘പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് റിയാസ് പറഞ്ഞത് മന:പൂർവം പ്രകോപിപ്പിക്കാൻ വേണ്ടിയാണ്. മരുമകൻ എത്ര വലിയ പി.ആർ വർക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്നുള്ള ആധിയാണ് സ്പീക്കറെ പരിഹാസപാത്രമാക്കി പ്രതിപക്ഷത്തിന്‍റെ ശത്രുവായി മാറ്റി നിയമസഭ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള കുടുംബ അജണ്ട. അതാണ് സഭയിൽ നടക്കുന്നത്’, എന്നിങ്ങനെയായിരുന്നു വി.ഡി സതീശന്റെ ആരോപണം.
ഇതിനെതിരെ റിയാസ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അദ്ദേഹത്തിന്റെ നട്ടെല്ല് ആർ.എസ്.എസിന്റെ രാഷ്ട്രീയത്തിന് പണയം വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കേരളത്തിലെ ഒരു മന്ത്രിക്കും ആവശ്യമില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂർവമായ അജണ്ട നടപ്പാക്കുന്ന വ്യക്തിയായി പ്രതിപക്ഷ നേതാവ് മാറിക്കൊണ്ടിരിക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തിയിരുന്നു.