ന്യുഡൽഹി: വിമാനങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് സയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) മുമ്പാകെ പുതിയ മാർഗ നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഡൽഹി വനിതാ കമീഷൻ. വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൽ ഡി.ജി.സി.എക്ക് അയച്ച കത്തിലാണ് പുതിയ നിർദേശങ്ങൾ.
ന്യൂയോർക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് മേൽ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവവും പാരീസ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ബ്ലാങ്കറ്റിൽ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവവും കത്തിൽ സൂചിപ്പിച്ചു. രണ്ടു സംഭവങ്ങളിലെയും കുറ്റാരോപിതർ സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കമീഷൻ അമിതമായി മദ്യപിക്കുന്നവരെ നിരീക്ഷിക്കുന്നതിനും വിമാനത്തിൽ കയറുന്നത് തടയുന്നതിനുമുള്ള സംവിധാനം ഒരുക്കണമെന്നും അഭ്യർത്ഥിച്ചു.
വിമാനങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കണം, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവത്കരിക്കണം, ഇത്തരം പരാതികൾ അന്വേഷിക്കാൻ വിരമിച്ച വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കണം, വിമാനയാത്ര നിരോധന കാലാവധി ആറ് മാസത്തിൽ നിന്ന് രണ്ടു വർഷമായി ഉയർത്തണം തുടങ്ങിയ നിർദേശങ്ങളും സ്വാതി മലിവാൽ കത്തിൽ മുന്നോട്ടുവെച്ചു.