ടോക്കിയോ: ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രമുഖ യൂട്യൂബറും ജാപ്പനീസ് എം.പിയുമായ യോഷികാസു ഹിഗാഷിതാനിയെ സെനറ്റ് പദവിയിൽനിന്ന് പുറത്താക്കി. എം.പിയായ ശേഷം ഇതുവരെ പാർലമെന്റിന്റെ ഒരു സെഷനിലും പങ്കെടുക്കാത്തതിനാണ് നടപടി. ചൊവ്വാഴ്ച ഐകകണേ്ഠ്യനയാണ് സെനറ്റ് പുറത്താക്കൽ നടപടിയിൽ തീരുമാനമെടുത്തതതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
സെലിബ്രിറ്റി ഗോസിപ്പ് യൂട്യൂബറായ ഹിഗാഷിതാനി ഇതോടെ പാർലമെന്റിൽ പ്രവേശിക്കാതെ തന്നെ പുറത്താക്കപ്പെടുന്ന ജപ്പാനിലെ ആദ്യത്തെ നിയമനിർമ്മാതാവായി മാറും. ഏഴ് മാസം മുമ്പ് അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം ഒരു ദിവസം പോലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നില്ല. തുടർച്ചയായ അവധി പരിഗണിച്ചാണ് പാർലമെന്റിന്റെ അച്ചടക്ക സമിതി ചേർന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
ഹിഗാഷിതാനി നിലവിൽ യു.എ.ഇയിൽ താമസിക്കുന്നതായാണ് പറയപ്പെടുന്നത്. യൂട്യൂബ് ചാനലിലൂടെ നിരവധി പ്രമുഖർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് അപകീർത്തി കേസുകൾ നേരിടുന്ന ഇദ്ദേഹം, അറസ്റ്റ് ഭയന്നാണ് പാർലമെന്റിൽ പങ്കെടുക്കാൻ മടിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെലിബ്രിറ്റി ഗോസിപ്പ് വീഡിയോകൾക്ക് പ്രശസ്തനായ ഹിഗാഷിതാനി GaaSyy എന്നാണ് യൂട്യൂബിൽ അറിയപ്പെടുന്നത്.
ജപ്പാനിൽ ഒരു നിയമനിർമ്മാതാവിന് ലഭിക്കാവുന്ന ഏറ്റവും കടുത്തനടപടിയാണ് പുറത്താക്കൽ. തുടർച്ചയായ അവധി കാരണം ഇതാദ്യമായാണ് ഒരു എംപി പുറത്താക്കപ്പെടുന്നത്.