ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണ് ചൈന. എന്നാൽ, കഴിഞ്ഞ 60 വർഷങ്ങൾക്കിടയില്‍ ഏറ്റവും കുറവ് ജനനനിരക്കാണ് ഇപ്പോൾ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് രാജ്യത്ത് ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുറവും പ്രായമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുമാണെന്ന്. അതോടെ എങ്ങനെയെങ്കിലും ജനസംഖ്യ കൂട്ടാനുള്ള വഴി തേടുകയാണ് ചൈന. അതിനായി 20 മാർഗ്ഗ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുകയാണ് ചൈനയിലെ രാഷ്ട്രീയ ഉപദേഷ്ടാക്കൾ.
1980 മുതൽ 2015 വരെ ചൈന പിന്തുടർന്നിരുന്നത് ഒറ്റക്കുട്ടി നയമായിരുന്നു. നയം പ്രായോഗികമായതോടെ രാജ്യത്തെ ജനനനിരക്ക് കുറയുകയും അത് പതുക്കെ ജനസംഖ്യയെ ബാധിക്കുകയും ചെയ്തു. ജനസംഖ്യയിലുണ്ടായ കുറവ് നികത്താന്‍ നയ രൂപീകരണം നടത്തിയ ചൈന, 2021 -ൽ എത്തിയപ്പോള്‍ മൂന്ന് കുട്ടികൾ വരെ ആവാം എന്ന നിലവരെ എത്തി. എന്നാൽ, കൊവിഡ് 19 നെ തുടര്‍ന്ന് സീറോ കൊവിഡ് നയം സ്വീകരിച്ചതോടെ രാജ്യത്തെ സാമൂഹിക – സാമ്പത്തികാവസ്ഥ അടിമുടി തകിടം മറിഞ്ഞു.
സാധാരണക്കാരുടെ സാമ്പത്തികാവസ്ഥയെ ഇത് ഏറെ ബാധിച്ചു. ഇക്കാലത്ത് പലരും പുതിയ കുട്ടികളെ കുറിച്ച് ചിന്തിച്ചേയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് ശിശുപരിപാലനത്തിന് കണ്ടെത്തേണ്ടി വരുന്ന ഉയർന്ന ചെലവ്, മറ്റ് വിദ്യാഭ്യാസ ചെലവുകൾ, കുടുംബത്തിലെ കുറഞ്ഞ വരുമാനം, ലിംഗ അസമത്വം എന്നിവയെല്ലാം ജനങ്ങള്‍ കുട്ടികൾ വേണ്ടെന്ന് വയ്ക്കുന്നതിനുള്ള കാരണമായി യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ ജനനനിരക്ക് ഉയര്‍ത്തിയില്ലെങ്കില്‍ അത് ഭാവിയില്‍ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ജനനനിരക്ക് ഉയര്‍ത്തണമെന്ന നിര്‍ദ്ദശം ഈ മാസം നടന്ന ചൈന പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്‍റെ (സിപിപിസിസി) വാർഷിക യോഗത്തില്‍ ഉയര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ ഉപദേശകരില്‍ പലരും ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.
ഓരോ രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞിനെ സ്വീകരിക്കുന്ന കുടുംബങ്ങൾക്കുള്ള സബ്സിഡി മുതൽ സൗജന്യ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വരെ ഇതിൽ പരാമർശിക്കുന്നു. ഒപ്പം വന്ധ്യതാ ചികിത്സയ്‍ക്കുള്ള പിന്തുണയും സഹകരണവും കൂടി ഉറപ്പാക്കുമെന്നും പറയുന്നു. അതോടൊപ്പം തൊഴില്‍ ഉടമയിൽ നിന്നും മാറി സർക്കാർ തന്നെ പ്രസവാവധി നൽകുന്നത് സ്ത്രീകളോടുള്ള വിവേചനം കുറക്കാൻ സഹായിക്കുമെന്നും രാഷ്ട്രീയ ഉപദേശകര്‍ കണക്കുകൂട്ടുന്നു. അമ്മയോടൊപ്പം കുഞ്ഞിന്‍റെ അച്ഛനും ഈ സമയത്ത് അവധി നല്‍കുന്നത് കുടുംബാന്തരീക്ഷം മെച്ചപ്പെടാൻ കാരണമാകുമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.