തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധതയാകുമോ എന്ന് വി ഡി സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം എന്ന് ജനം തീരുമാനിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു. നടപ്പിലും സംസാരത്തിലും ആര്‍ക്കാണ് കാപട്യമെന്ന് എല്ലാവര്‍ക്കും അറിയാം.
ഇന്നലെയാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആക്ഷേപമുന്നയിച്ചത്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ്, സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനുണ്ട് എന്ന് പറയുന്നത് കാപട്യമാണെന്നും സഭയിൽ കണ്ടത് പ്രതിപക്ഷ നേതാവിൻ്റെ കാപട്യമാണെന്നുമായിരുന്നു വീണാ ജോർജിന്റെ വിമര്‍ശനം.
ഇതുവരെ കാണാത്ത പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമാണ് കേരള നിയമസഭാ ഇന്നലെ സാക്ഷ്യം വഹിച്ചത്. അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിച്ചു. പ്രതിപക്ഷവും വാച്ച് ആൻ്റ് വാർഡും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘർഷത്തിൽ കെ കെ രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു.