ദില്ലി: കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുൻ താരം യുവരാജ് സിംഗ്. റിഷഭ് പന്ത് ഒരു ജേതാവാണെന്നും ഉറപ്പായും കളത്തിലേക്ക് മടങ്ങിവരുമെന്നും സന്ദര്‍ശനത്തിന് ശേഷം ചിത്രം പങ്കുവച്ച് ട്വിറ്ററിൽ യുവരാജ് കുറിച്ചു. ആരാധകരും ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ക്യാൻസറിനെ തോൽപ്പിച്ച് കളത്തിലേക്ക് ശക്തമായി തിരിച്ചുവന്ന യുവരാജിനേക്കാൾ മികച്ച പ്രചോദനം പന്തിന് കിട്ടാനില്ലെന്നാണ് പല ആരാധകരും പറയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഡൽഹിയിൽ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രക്കിടെ കാര്‍ മറിഞ്ഞ് പന്തിന് പരിക്കേറ്റത്.
കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാകുന്ന പന്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണ്. സ്വിമ്മിങ് പൂളിലൂടെ താരം ക്രച്ചസിന്‍റെ സഹായത്തോടെ നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം അദേഹം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തന്‍റെ ആരോഗ്യ വിവരങ്ങളെല്ലാം അപ്പപ്പോള്‍ റിഷഭ് ആരാധകരെ അറിയിക്കുന്നുണ്ട്.
2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് വലത്തെ കാലില്‍ റിഷഭ് പന്ത് ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. അപകടത്തില്‍ റിഷഭിന്‍റെ കാറിന് തീപിടിച്ചെങ്കിലും താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിഷഭിനെ പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും പിന്നീട് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.
ഇവിടെ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ ശസ്ത്രക്രിയ. വരാനിരിക്കുന്ന ഐപിഎല്‍ 2023 സീസണ്‍ താരത്തിന് നഷ്ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭ് പന്ത് കളിക്കുന്ന കാര്യം സംശയത്തിലാണ്.