മലപ്പുറം: മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാറിന് അപകടത്തിൽ പരിക്കേൽക്കാൻ ഇടയായ ഡിവൈഡറും പാണമ്പ്ര വളവും ഇല്ലാതാകുന്നു. ദേശീയപാത ആറു വരിയാക്കുന്നതിന്റെ ഭാഗമായാണ് നിരവധി വാഹനാപകടങ്ങൾക്ക് കാരണമായ പാണമ്പ്ര വളവ് ഒഴിവാകുന്നത്. ഇനി ഇവിടെ അപകടങ്ങൾ കുറയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെയായിരുന്നു മലയാളികളെ നടുക്കിയ ആ അപകടം. റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറില്‍ ജഗതി ശ്രീകുമാര്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ പിന്നീട് ജീവിതത്തിലേക്ക് മെല്ലെ തിരിച്ചുവന്നു. അപകടം തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു. നിരവധി പേരുടെ മരണത്തിന് കാരണമായി ഈ വളവ് പിന്നീട് ജഗതിക്ക് അപകടം പറ്റിയ വളവുകൂടിയായി അറിയപ്പെട്ടു.
പതിനൊന്ന് വർഷങ്ങൾക്കു ശേഷം നിരവധി പേരുടെ ജീവനുകള്‍ പൊലിഞ്ഞ പാണമ്പ്ര വളവും കയറ്റവും വഴിമാറുകയാണ്. ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ഡിവൈഡറുകള്‍ പൊളിച്ചു. അടിപ്പാത സ്ഥാപിച്ച് അതിന് മുകളിലൂടെ പ്രധാന പാത കടന്നുപോകും. മിക്ക അപകടങ്ങളിലും നാട്ടുകാരാണ് നിര്‍ണ്ണായക രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.
ആറുവരിപ്പാതയാവുന്നതോടെ പ്രദേശത്തെ അപകടങ്ങള്‍ കുറയുമെന്നാണ് അവരുടെ പ്രതീക്ഷ. അതേസമയം, അപകടങ്ങൾ കുറയണമെങ്കിൽ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.