ദില്ലി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് നദ്ദ ആരോപിച്ചു. രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ടൂൾ കിറ്റിന്റെ ഭാഗമെന്നും നദ്ദ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര മന്ത്രി കിരൺ റിജിജുവും രംഗത്തെത്തിയിരുന്നു. രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ ആകില്ല. രാഹുൽ പാർലമെന്‍റില്‍ നുണ പറഞ്ഞു. വിദേശത്തും രാഹുൽ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല, രാഹുൽ ഗാന്ധി സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമേ സഭയിൽ സംസാരിക്കാൻ അനുവദിക്കാവൂ എന്ന് പാർലമെൻററികാര്യമന്ത്രി പ്രൾഹാദ് ജോഷി ആവശ്യപ്പെട്ടു. എന്നാൽ അദാനി വിഷയം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ നോട്ടീസ് ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ തെളിവാണെന്ന് കോൺഗ്രസ് പറഞ്ഞു. നിയമപരമായി വിഷയത്തെ നേരിടും എന്നും കോൺഗ്രസ് വ്യക്തമാക്കി. വിദേശത്ത് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഭരണപക്ഷം തുടർച്ചയായി പ്രതിഷേധം ഉയർത്തുന്നതിനിടെ രാഹുൽ ഇന്നലെ പാർലമെന്റിൽ എത്തിയിരുന്നു. അദാനി വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, AAP എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി.