ഒരു സ്ത്രീയെ ഒരാൾ പുറത്ത് ഇറങ്ങാൻ പോലും അനുവദിക്കാതെ അലമാരയിൽ അടച്ചിട്ടത് രണ്ട് മാസം. ബാത്ത്‍റൂമിൽ പോകാൻ പോലും തന്നെ അയാൾ അനുവദിച്ചിരുന്നില്ല എന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. ഒടുവിൽ ഒരുവിധത്തിൽ അവിടെ നിന്നും സ്ത്രീ ഓടി രക്ഷപ്പെട്ടു. യുഎസിലെ ടെന്നസിയിലെ ഡയർസ്ബർഗിലാണ് സംഭവം. ആ പ്രദേശത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഒരാളെ സ്ത്രീ സമീപിക്കുകയായിരുന്നു. അയാളോട് തന്നെ തട്ടിക്കൊണ്ടുവന്ന് അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ചു.
പൊലീസെത്തുമ്പോൾ 40 -കാരിയായ സ്ത്രീ ഒരു കെട്ടിടത്തിന് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. അവളുടെ മുഖത്ത് മുറിവുകളുണ്ടായിരുന്നു. മെലിഞ്ഞ്, ഭാരം കുറഞ്ഞാണ് സ്ത്രീ കാണപ്പെട്ടിരുന്നത്. ‘രണ്ട് മാസം തന്നെ അലമാരയ്‍ക്കകത്ത് പൂട്ടിയിട്ടു. ദിവസം ഒരു മണിക്കൂർ മാത്രമാണ് അതിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നത്. വളരെ കുറച്ച് ഭക്ഷണം മാത്രമേ തനിക്ക് നൽകിയിരുന്നുള്ളൂ. അതുപോലെ ബാത്ത്‍റൂം ഉപയോഗിക്കാൻ തന്നെ അനുവദിച്ചിരുന്നില്ല’ എന്നും സ്ത്രീ പറഞ്ഞു.
സ്ത്രീയുടെ മൊഴിക്ക് പിന്നാലെ പൂട്ടിയിടപ്പെട്ടു എന്ന് പറഞ്ഞ വീട് പൊലീസ് പരിശോധിച്ചു. അവിടെ മനുഷ്യ വിസർജ്ജ്യവും മറ്റും കിടന്നിരുന്നതായി കണ്ടെത്തി. ബ്രെന്റൺ ബെൽ എന്ന 30 -കാരനാണ് സ്ത്രീയെ പൂട്ടിയിട്ടത് എന്ന് കരുതുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, അധികം വൈകാതെ അയാൾ ഉപദ്രവകാരിയായി തീരുകയും സ്ത്രീയെ വീട്ടിൽ അലമാരയ്‍ക്കകത്ത് പൂട്ടിയിടുകയും ആയിരുന്നു.
എന്നാൽ, ഇയാളെ ഇതുവരെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ പൊലീസിൽ അറിയിക്കണം എന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് വിട്ടയച്ചു.