ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആയുഷ് ചികിത്സയുടെയും പ്രതിരോധ മരുന്നുകളുടെയും ഉപയോഗക്രമം ഉള്‍പ്പെടുന്ന മാര്‍ഗരേഖ കേന്ദ്ര ആയുഷ് മന്ത്രാലയം പരിഷ്‌കരിച്ചു.
ചികിത്സ: കോവിഡ് ബാധിതരില്‍ ഹോം ഐസലേഷനില്‍ ഉള്ളവര്‍ക്കു മാത്രമേ (നേരിയ രോഗബാധയുള്ളവര്‍ക്ക്) മരുന്നു നല്‍കാവൂ. ഇതില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് ആയുര്‍വേദ മരുന്നായ ‘ആയുഷ് 64’ (500 മില്ലിഗ്രാം) ദിവസവും 2 നേരം നല്‍കാം. ലക്ഷണമുള്ളവര്‍ക്ക് 3 നേരം നല്‍കണം. അല്ലെങ്കില്‍ സിദ്ധ മരുന്നായ കഫസുര കുടിനീര്‍ (5 ഗ്രാം) ദിവസവും 2 നേരം കഴിക്കാം.
പ്രതിരോധം: ദിവസം ഒരു നേരം ച്യവനപ്രാശം (6ഗ്രാം), ആയുഷ് ക്വാത്ത് 75 മില്ലിലീറ്റര്‍ (3 ഗ്രാം പൊടി വെള്ളത്തില്‍ തിളപ്പിച്ചത്) ദിവസം ഒരു നേരം, സംശുമാനി വടിക ദിവസം 2 നേരം. മൂക്കിലും മൂക്കിനു മുകളിലും ദിവസം ഒരു നേരം അണുതൈലം പുരട്ടാം. അല്ലെങ്കില്‍, ഗുഡൂചി ഘന വടികയോ (ചിറ്റമൃത്) അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ദിവസം 2 നേരം കഴിക്കാം. ഹോമിയോപ്പതിയിലെ ആഴ്‌സനിക് ആല്‍ബം 30 (4 ഗ്ലോബ്യൂള്‍സ്) രാവിലെ ഒഴിഞ്ഞ വയറില്‍ 3 ദിവസത്തേക്ക് കഴിക്കാം. ഇത് ഓരോ മൂന്നാഴ്ച കൂടുമ്പോഴും ആവര്‍ത്തിക്കണം. യുനാനി മരുന്നായ ഹമീര മര്‍വാരിദ് ദിവസം 5 ഗ്രാം വീതം 15 ദിവസത്തേക്കു കഴിക്കുന്നതും നല്ലതാണ്.
ആയുഷ് 64: മലേറിയയ്‌ക്കെതിരെ 1980 കളില്‍ വികസിപ്പിച്ച ആയുര്‍വേദ മരുന്നാണിത്. ഏഴിലമ്പാലത്തൊലി, കടുകുരോഹിണി കിരിയാത്ത്, കഴഞ്ചിക്കുരുപ്പരിപ്പ് എന്നിവയുടെ മിശ്രിതമാണ് ആയുഷ് 64.