ന്യൂഡൽഹി: മദ്യ നയക്കേസിൽ അറസ്റ്റിലായ എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ കൂടുതൽ അന്വേഷണത്തിന് സമയം വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) ആവശ്യം പരിഗണിച്ചാണ് ഇത്.
അതേസമയം, ഒരു ദിവസം വെറും 30 മിനിറ്റ് മാത്രമേ ഇ.ഡി അധികൃതർ തന്നെ ചോദ്യം ചെയ്യുന്നുള്ളൂവെന്നും കൂടുതൽ കാലം ജയിലിൽ പാർപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും സിസോദിയ വാദിച്ചിരുന്നു. ചോദ്യങ്ങൾ ആവർത്തിക്കരുതെന്ന് ഉത്തരവുണ്ടായിട്ടും സി.ബി.ഐ തന്നോട് എല്ലാ ദിവസവും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നതെന്ന് നേരത്തേ സിസോദിയ പരാതിപ്പെട്ടിരുന്നു. വീട്ടാവശ്യത്തിന് ചെക്കുകളിൽ ഒപ്പുവെക്കാനും കോടതി സിസോദിയക്ക് അനുമതി നൽകി.
മദ്യനയക്കേസിൽ ഫെബ്രുവരി 26 നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിനായി ഏഴുദിവസം കൂടി ഇ.ഡി ആവശ്യപ്പെട്ടപ്പോൾ എന്താണ് അവർ ഇതുവരെ ചെയ്യുന്നതെന്ന് സിസോദിയ ചോദിച്ചിരുന്നു.