കോഴിക്കോട് : പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ ഇന്ന് കോഴിക്കോട് ചേരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ.മുനീറിനാണ് സാധ്യത കൂടുതൽ. ജില്ലാ ഭാരവാഹികളിൽ കൂടുതൽപേരുടേയും പിന്തുണ മുനീറിനാണ്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം തുടങ്ങിയതോടെയാണ് മുനീറിനെ പിന്തുണച്ച് മറുപക്ഷം എത്തിയത്. രാവിലെ 11 മണിക്കാണ് കൗൺസിൽ. ഇതിന് മുമ്പ് സമവായത്തിലെത്താനാണ് സാദിഖലി ശിഹാബ് തങ്ങൾ നൽകിയ നിർദ്ദേശം. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകില്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും പൂർണമായി സമവായത്തിലെത്തിയിട്ടില്ല. ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരുടേയും പിന്തുണ മുനീറിനാണ്. സമവായമാവാത്തതിനെ തുടർന്ന് സാദിഖലി തങ്ങൾ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി അഭിപ്രായം ചോദിച്ചു. തങ്ങളുടെയും പിന്തുണ മുനീറിനാണെന്നാണ് സൂചന.