കോഴിക്കോട്: വേനൽ കടുത്തതോടെ നാരങ്ങാ സോഡ, സർബത്ത് തുടങ്ങി ശീതളപാനീയങ്ങൾക്കെല്ലാം നല്ല ഡിമാൻഡാണ്. എന്നാൽ നാരങ്ങയുടെ വില കേട്ടാൽ ഞെട്ടും. ഒരു മാസത്തിനിടെ ചെറുനാരങ്ങയുടെ വില ഇരട്ടിയിലധികമാണ് കൂടിയത്. രണ്ട് മാസം മുമ്പ് വിപണി വില 40-50 രൂപ വരെയായിരുന്നു. എന്നാൽ വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കിലോയ്ക്ക് 150 രൂപയായി. 100 രൂപയ്ക്ക് പുറത്ത് ചെലവ് വരുമെന്ന് മൊത്ത വിപണിക്കാർ. കേടായിപ്പോവുന്നതു മാറ്റിയിട്ടാൽ പിന്നെ വിലയിങ്ങനെ കൂട്ടാതെ വഴിയില്ലെന്നും കച്ചവടക്കാർ പറയുന്നു.
വേനൽക്കാലത്ത് ചെറുനാരങ്ങ വില കുതിച്ചുയരുന്നത് പതിവാണ്. എന്നാൽ ഇത്തവണ ചെറുനാരങ്ങ വില മുൻപത്തേതിലും ഏറെ നേരത്തെ തന്നെ ഉയർന്നു. ചൂട് കൂടുന്നതിനൊപ്പം റംസാൻ നോമ്പ് കൂടി തുടങ്ങാനിരിക്കുകയാണ്. അപ്പോഴേക്കും വില 300 വരെ എത്തുമെന്നാണ് കണക്കുകൂട്ടൽ. നാരങ്ങ സോഡയ്ക്കും ലൈം ജ്യൂസിനുമൊക്കെ ഇനി വില കൂട്ടേണ്ടിവരുമെന്ന് ജ്യൂസ് കടക്കാരും പറയുന്നു. ചെറുനാരങ്ങയ്ക്ക് മാത്രമല്ല തണ്ണിമത്തൻ മുതലുള്ള പഴങ്ങൾക്കും വില കൂടി തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പഴവും പച്ചക്കറികളുമെത്തുന്നത് കുറഞ്ഞതും പെട്ടന്നുള്ള വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.