ദില്ലി : ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനത്തിന് കോട്ടയം കുമരകത്ത് തിരക്കിട്ട ഒരുക്കങ്ങള്‍. അടുത്ത മാസം ഒന്ന് , രണ്ട് തീയതികളിലാണ് കുമരകത്ത് ജി20 രാജ്യങ്ങളില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ സമ്മേളിക്കുക. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്കേപ്പ് റിസോട്ടിലാണ് ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമ്മേളനത്തിന് വേദിയൊരുങ്ങുന്നത്.
പൂര്‍ണമായും പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് വേദിയുടെ നിര്‍മാണം. മുളയും കയറുമെല്ലാം ഉപയോഗിച്ചാണ് പതിനായിരം ചതുരശ്ര അടി വിസതീര്‍ണത്തില്‍ മുഖ്യവേദി ഒരുങ്ങുന്നത്. ഉദ്യോഗസ്ഥ തല വേദിയിലുണ്ടാകുന്ന നിര്‍ദേശങ്ങളുടെ ചുവടു പിടിച്ചാകും സെപ്തംബറില്‍ ഡല്‍ഹിയില്‍ ഉച്ചകോടിയില്‍ രാഷ്ട്രതലവന്‍മാരുടെ ചര്‍ച്ച. ഉച്ചകോടിക്ക് മുന്നോടിയായുളള ആദ്യ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കുമരകത്തെ രണ്ടാമത്തെ യോഗം. ഈ മാസം മുപ്പതാം തീയതിയോടെ യോഗത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ കുമരകത്ത് എത്തും.