പാട്ന: തമിഴ്‌നാട്ടിൽ അഥിതി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ച യൂട്യൂബർ കശ്യപിനെ അറസ്റ്റ് ചെയ്തു. ബീഹാറിൽ നിന്നാണ് ഇയാൾ അറസ്റ്റിലാവുന്നത്. തമിഴ്നാട്ടിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും മർദ്ദനമേൽക്കുകയാണെന്നും പറഞ്ഞുള്ള അതിഥി തൊഴിലാളികളുടെ വീഡിയോ ആഴ്ച്ചകൾക്കു മുമ്പ് പ്രചരിച്ചിരുന്നു.
വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് കശ്യപിനും മറ്റുള്ളവർക്കുമെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. യൂട്യൂബർ മനീഷ് കശ്യപിനെ ചമ്പാരൻ ജില്ലയിലെ ബേട്ടിയയിലെ ജഗദീഷ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. അന്വേഷണത്തിനായി സ്പെഷ്യൽ സംഘത്തെ രൂപീകരിച്ച് യുവരാജ് സിങ് രജ്പുത്, മനീഷ് കശ്യപ് എന്നിവർക്കെതിരെ മാർച്ച് 15ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
മനീഷ് കശ്യപിന്റെ നാട്ടിലും പരിസരത്തും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ജഗദീഷ്പൂർ സ്റ്റേഷനിൽ കീഴടങ്ങിയത്. അന്വേഷണത്തിൽ ഇയാൾക്കതിരെ സാമ്പത്തിക ക്രമക്കേടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു. തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾക്ക് മർദ്ദനമേൽക്കുന്നതായി 30ഓളം വ്യാജ വീഡിയോകളാണ് പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് തമിഴ്നാട്ടിൽ ജോലിക്ക് പോകുന്നത് ഭീകരമാണെന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. തമിഴ്നാട് പൊലീസ് 13 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നേരത്തെ, ഫേയ്മെസ് ആവണമെന്ന ലക്ഷ്യത്തോടെയാണ് ജോലി സ്ഥലത്ത് പീഡനമാണെന്ന് കരഞ്ഞു പറഞ്ഞ് വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിൽ ജോലിക്കെത്തിയപ്പോൾ മർദ്ദനമേറ്റതായി വ്യാജമായി പ്രചരിപ്പിച്ചത് ഝാര്‍ഖഡ്ഢില്‍ നിന്നുള്ള യുവാക്കളാണെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. മനോജ് യാദവും സുഹൃത്തുക്കളും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചത്. പോപ്പുലാരിറ്റിക്ക് വേണ്ടിയും കുടിയേറ്റ തൊഴിലാളികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനും വേണ്ടിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ മർദ്ദനമേൽക്കുകയാണെന്നും തമിഴ്നാട് സർക്കാരും ഝാർഖണ്ഡ് സർക്കാരും നാട്ടിലെത്താൻ സഹായിക്കണമെന്നാണ് വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ മനോജ് യാദവിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.