കണ്ണൂര്‍: റബർ വില 300 രൂപയായി ഉയർത്തിയാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്‍റെ പ്രസ്താവനയെ വിമർശിച്ച് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. കര്‍ഷക റാലിയില്‍ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗത്തിലെ ആശയം കുടിയേറ്റ ജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്നതാണ്. പ്രസംഗം ദൗര്‍ഭാഗ്യകരമാണെന്നും കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷ വേട്ടക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോര ജനത അത് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാറുകളല്ലെന്ന് ജയരാജന്‍ പറഞ്ഞു. റബ്ബറിന് പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നെല്ല് അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവിലയും നല്‍കി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവന. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ, മലയോര കർഷകരുടെ വികാരമാണ് താൻ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.