തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് ത്രിപുര സ്വദേശികൾ അറസ്റ്റിൽ. കുമാർ ജമാത്യ (36), സൂരജ് ദബർണ (27), സജിത് ജമാത്യ (40) എന്നിവരെയാണ് തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് യു.എൻ മിഷനിൽ ഡോക്ടറെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹ വാഗ്‌ദാനം. വിശ്വാസത്തിനായി ചിത്രവും വാട്സ് ആപ് നമ്പറും നൽകി. തുടർന്ന് വാട്സ് ആപിലൂടെ സന്ദേശങ്ങൾ അയച്ചു. ജോലിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാനെന്ന് വിശ്വസിപ്പിച്ചാണ് പല തവണയായി യുവതിയിൽനിന്ന് പണം തട്ടിയത്.
തുടർച്ചയായി പണമാവശ്യപ്പെട്ടതോടെ കഴിഞ്ഞ മേയിൽ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പണമയച്ചുനൽകിയ അക്കൗണ്ട് ത്രിപുരയിലാണെന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ട് ഉടമകളെ അന്വേഷിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. അറസ്റ്റിലായ പ്രതികളെ അഗർത്തലയിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയശേഷം തിരുവനന്തപുരത്ത് എത്തിക്കും.
ഹൈദരാബാദ്, ബംഗളൂരു കേന്ദ്രീകരിച്ചുള്ള ചില അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്. ഈ അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സൈബർ പൊലീസ് ഡിവൈ.എസ്.പി കരുണാകരൻ, സി.ഐ വിനോദ്‌കുമാർ, എസ്.ഐ ബിജുലാൽ, സിവിൽ പൊലീസ് ഓഫിസർ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.