കാസർകോട്: പ്രമാദമായ കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി. പ്രോസിക്യൂഷൻ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത മാസം പകുതിയോടെ കേസില്‍ വിധി ഉണ്ടായേക്കും.കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.
യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.ആറ് വര്‍ഷത്തിനിപ്പുറം കേസിലെ വാദം കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 97 പേരേയും പ്രതിഭാഗത്ത് നിന്ന് ഒരാളെയുമാണ് വിസ്തരിച്ചത്. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളും ഇപ്പോള്‍ ജയിലിലാണ്. ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.