ദില്ലി:കോടതികൾക്ക് മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് ജുഡീഷ്യൽ നടപടികളുടെ മൗലിക തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുദ്ര വച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. പ്രതിരോധ സൈനിക വിഭാഗങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ പദ്ധതി പ്രകാരമുള്ള കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വിശദീകരണം അറ്റോർണി ജനറൽ മുദ്ര വച്ച കവറിൽ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിലപാട് വ്യക്തമാക്കിയത്. അറ്റോർണി ജനറൽ കൈമാറിയ മുദ്ര വച്ച കവർ സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. പെൻഷൻ ഒറ്റ ഗഡുവായി വിതരണം ചെയ്യാൻ പണം ഇല്ലെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി അംഗീകരിച്ചു. തുടർന്ന് ഗഡുക്കളായി അടുത്ത വര്ഷം ഫെബ്രുവരി 28 നകം കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നൽകി. സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചവർക്കും, കുടുംബ പെൻഷൻ ലഭിക്കുന്നവർക്കും ഏപ്രിൽ 30 നകം ഒറ്റ ഗഡുവായി പെൻഷൻ നൽകാനും സുപ്രീം കോടതി നിർദേശിച്ചു.