ശ്രീനഗര്‍; ജമ്മു കശ്മീരില്‍ മിഡില്‍ ഈസ്റ്റ് റീട്ടെയ്ലര്‍ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നു. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മ്മിക്കുന്ന മാളില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ ഞങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാര്‍ ഗ്രൂപ്പും തമ്മില്‍ ധാരണയായി. ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് 250 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിക്കുന്ന മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിട്ടത്.
നിലവില്‍ സംസ്ഥാനത്ത് നിന്ന് ആപ്പിള്‍, കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കയറ്റുമതി ചെയ്യുന്ന ബിസിനസ്സിലാണ് ലുലു ഗ്രൂപ്പ്. 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരായ എമാര്‍ ഉദ്ദേശിക്കുന്നത്. ഇവിടെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുക.