ദില്ലി: ഇഎസ്ഐ ആശുപത്രിയില്‍ പ്രസവ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരിയുടെ വയറ്റില്‍ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയെന്നു പരാതി ഉയര്‍ന്ന് സംഭവത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് .ഇഎസ്‌ഐ കോര്‍പ്പറേഷന്റെ കീഴിലുള്ള എഴുകോണ്‍ ഇ.എസ്‌ഐ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ഇ.എസ്.ഐ ആസ്ഥാനത്ത് നിന്നും ഉന്നതതല സംഘത്തോട് നേരിട്ട് ആശുപത്രി സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം.
എഴുകോണ്‍ സ്വദേശി ചിഞ്ചു രാജിന്റെ ഓപ്പറേഷനിലാണ് കടുത്ത വീഴ്ച സംഭവിച്ചത്. യുവതിക്കു വേദന കടുത്തതിനാല്‍ പരിശോധന നടത്തുകയും കട്ടപിടിച്ച രക്തം നീക്കാനെന്ന പേരില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി വസ്തു നീക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. എന്നാല്‍ പിന്നീട് കടുത്ത വേദനയുണ്ടായതോടെ എക്സ്റേ എടുത്തു. ബന്ധുക്കള്‍ വേദനയുടെ കാരണം ചോദിച്ചെങ്കിലും ഡോക്ടര്‍ എക്സ്‌റേ വിവരങ്ങള്‍ പങ്കുവച്ചില്ല. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ ചിഞ്ചുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ സെന്ററിലെത്തിച്ചു സിടി സ്‌കാന്‍ എടുത്തു. ഭര്‍ത്താവ് വിപിന്‍ 5500 രൂപ ഇതിനായി അടച്ചു. ഇതിനുശേഷം യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു.