കോട്ടയം: നാടിനെ നടുക്കിയ കോട്ടയം പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുണ്‍ ശശി കുറ്റക്കാരനെന്നു കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ.നാസര്‍ മാര്‍ച്ച് 22ന് ശിക്ഷ വിധിക്കും. പ്രോസിക്യുഷനു വേണ്ടി അഡ്വ.ജെ ജിതേഷ് കോടതിയില്‍ ഹാജരായി. 2013 ഓഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെ ജിതേഷ് കോടതിയില്‍ ഹാജരായി.
2013 ഓഗസ്റ്റ് 28ന് രാത്രിയിലാണ് അരുണ്‍ പിതൃസഹോദരി തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെയും (68) ഭര്‍ത്താവ് ഭാസ്‌കരന്‍നായരെയും (71) പഴയിടത്തെ വീട്ടിനുള്ളില്‍ ചുറ്റികയ്ക്ക് അടിച്ചുകൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരു മാസം കഴിഞ്ഞ ശേഷം കേസിലെ പ്രതിയായ അരുണിനെ കഞ്ഞിക്കുഴിയില്‍ നിന്നും മാല മോഷ്ടിക്കുന്നതിനിടെ അന്നത്തെ കോട്ടയം ഈസ്റ്റ് എസ്ഐ ആയിരുന്ന കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.