ഇടുക്കി കല്ലാറിലെ കാട്ടാനകൂട്ടത്തെ തുരത്തിയില്ലെങ്കില്‍ ദേശിയ പാത ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍. ലക്ഷങ്ങളുടെ നഷ്ടം ആനയുണ്ടാക്കിയതോടെയാണ് കര്‍ഷകര്‍ ഗതികെട്ട് സമരത്തിനിറങ്ങുന്നത്. അതേസമയം ആനയെ തുരത്താൻ ശ്രമിക്കുന്നുവെന്നാണ് വനപാലകരുടെ വിശദീകരണം. കല്ലാര്‍ വട്ടിയാര്‍ പന്ത്രണ്ടേക്കര്‍ മേഖലകളില്‍ നാട്ടുകാര്‍ക്ക് ഓരോ രാത്രിയും ഭീതിയാണ്. കാട്ടാനകള്‍ കൂട്ടമായെത്തും. കൃഷി നശിപ്പിക്കും. മുന്നാഴ്ചയോളമായി 9 ആനകളാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയിലുമെത്തി കാട്ടാനകൂട്ടം. ഏക്കര്‍കണക്കിന് ഏലമാണ് ഇന്നലെ മാത്രം നശുപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടം.
വനപാലകരോട് പറഞ്ഞുമടുത്തു.തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആക്ഷന്‍ കമ്മിറ്റി ജില്ലാ കളക്ടറെ വരെ കണ്ടു പരിഹാരത്തിനായി. എന്നിട്ടും കാര്യമായോരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒരാഴ്ച കൂടി കാക്കാനാണ് സമരസമിതിയുടെ തീരുമാനം. പരിഹാരമായില്ലെങ്കില്‍ ദേശിയ പാത ഉപരോധിക്കാനാണ് ഇവരുടെ നീക്കം.