തൃശൂർ∙ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ബസ് ഡ്രൈവർ സഹർ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോനാണ് അറസ്റ്റിലായത്. തൃശൂർ റെയിൽവേ സ്റ്റഷനിൽവച്ചാണ് ഇയാൾ അറസ്റ്റിലായത്. പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നാലു പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് ഉത്തരാഖണ്ഡില്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതി രാഹുൽ ഉൾപ്പെടെ നാലു പേർ പിടിയിലാകാനുണ്ട്.
ഫെബ്രുവരി 18ാം തീയതി അർധരാത്രിയിൽ തിരുവാണിക്കാവിൽ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന മുപ്പത്തിരണ്ടുകാരനായ സഹറാണ് ആക്രമണത്തിന് ഇരയായത്. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. രാത്രി 12 മുതൽ പുലർച്ചെ നാലുവരെ സംഘം യുവാവിനെ ക്രൂരമായി മർദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇതിനുപിന്നാലെ സഹർ വീട്ടിലെത്തിയെങ്കിലും വേദന കൊണ്ടു നിലവിളച്ചതോടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത മർദനത്തിൽ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.