ന്യൂഡൽഹി: തൂക്കു മരണമല്ലാതെ വധശിക്ഷ നടപ്പാക്കാൻ മറ്റൊരു മാർഗം സ്വീകരിക്കുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തണമെന്ന് സുപ്രീം കോടതി. കഴുത്തിൽ കുരുക്കിട്ട് വധിക്കുന്നതിനേക്കാൾ വേദനരഹിതമായ മറ്റൊരു മാർഗത്തെക്കുറിച്ച് കൂടുതൽ പരിശോധനകളും ചർച്ചകളും നടത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
തൂക്കിലേറ്റിയുള്ള മരണത്തിന്റെ ആഘാതത്തെക്കുറിച്ച് പഠിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരാമണിയോട് നിർദേശിച്ചു. വധ ശിക്ഷക്ക് വിധിക്കപെട്ട പ്രതികൾക്ക് വേദനയില്ലാത്ത മരണം നൽകാൻ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇതേകുറിച്ച് കൂടുതലായി പഠിക്കേണ്ടതുണ്ടെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
വിഷയം കൂടുതൽ പഠിക്കാൻ വിദഗ്ധ പാനലിനെ നിയമിക്കും. തൂക്കിലേറ്റിയുള്ള മരണത്തിനു പകരം വെടിവയ്പ്പ്, കുത്തിവെപ്പ്, ഇലക്ട്രിക്ക് ചെയർ തുടങ്ങിയവ ഉപയോഗിച്ചുള്ള വധ ശിക്ഷകളെക്കുറിച്ച് ഹരജിയിൽ സൂചിപ്പിച്ചിരുന്നു. തൂക്കിലേറ്റി കൊല്ലുന്നത് ക്രൂരമാണെന്ന് അഭിഭാഷകൻ ഋഷി മൽഹോത്ര പറഞ്ഞു.