തിരുവനന്തപുരം: സുതാര്യത ഉറപ്പാക്കുന്നതിനും സമയബന്ധിതമായി പൊതുമരാമത്ത് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ ചുവടുവയ്പ്പാണ് സർക്കാർ കരാറുകാർക്കായി നടപ്പാക്കിയ പ്രൈസ് പോർട്ടലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കരാറുകാർക്കായി തയ്യാറാക്കിയ സോഫ്റ്റ് വെയറായ പ്രൈസ് പോർട്ടലിന്റെ ഉദ്ഘാടനം തൈക്കാട് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം കരാറുകാരും പങ്കാളികളാണ്. ഭൂരിപക്ഷം കരാറുകാരും നല്ല നിലയിൽ പ്രവർത്തികൾ നടത്തുന്നവരാണ്. എന്നാൽ ഒരു ന്യൂനപക്ഷം ഇതിന് അപവാദമാണ്. അത്തരക്കാർക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കടലാസ് രഹിത കാര്യാലയമാക്കി പൊതുമരാമത്ത് വകുപ്പിനെ മാറ്റുകയാണ് സർക്കാർ നയം. ബില്ലുകളുടെ ഹാർഡ് കോപ്പി ആവശ്യമില്ലാതിരിക്കെ ചില ഓഫീസുകളിൽ ഇപ്പോഴും കരാറുകാരോട് ഹാർഡ് കോപ്പി ആവശ്യപ്പെടുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. ഇത്തരം തെറ്റായ പ്രവണതകളോട് സർക്കാർ ഒരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്തിലുൾപ്പെടെ ഒന്നിലും ഇടനിലക്കാരെ ആശ്രയിക്കാനിടയാക്കാത്ത സുതാര്യതയാണ് സർക്കാരിന്റെ ഉദ്ദേശം. മെഷർമെന്റുൾപ്പെടെ സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള നിരവധി പരിഷ്കാരങ്ങളാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.മെച്ചപ്പെട്ട സേവനം പരമാവധി വേഗത്തിൽ ജനങ്ങൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. ബില്ലുകളുടെ കുടിശിഖ ഉൾപ്പെടെ കരാറുകാർ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വകുപ്പ് തയ്യാറാണ്. ഇതിനായി ഉദ്യോഗസ്ഥരും കരാറുകാരുമുൾപ്പെട്ട ഒരു സമിതി നിലവിലുണ്ട്.ഡി.എസ്.ആർ ഉൾപ്പെടെ കരാറുകാർ ഉന്നയിച്ച ആവശ്യങ്ങളിൽ പലതിലും ധനവകുപ്പുമായി നിരന്തരമായ ചർച്ചകൾ നടത്തിവരികയാണെന്ന് മന്ത്രി വെളിപ്പെടുത്തി. ചടങ്ങിൽ പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എൻജിനീയർ മധുമതി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു.കെ സ്വാഗതം ആശംസിച്ചു. ചീഫ് എൻജിനീയർമാരായ അജിത്ത് രാമചന്ദ്രൻ,ഹൈജീൻ ആൽബർട്ട്, അശോക് കുമാർ,സൈജമോൾ എൻ. ജേക്കബ്, ലിസി കെ.എഫ്, പൊതുമരാമത്ത് വകുപ്പ് ആർ.ബി.ഡി.സി.കെ ജനറൽ മാനേജർ സിന്ധു ടി.എസ്, എൻ.ഐ.സി ഡെപ്യൂട്ടി ഡയറക്ടർ മോഹൻ കൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ആശാവർമ്മ കെ.സി തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം വ്യാഴാഴ്ച സമാപിക്കും.