തിരുവനന്തപുരം: പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം നൽകിയതോടെ പൊതുജനാരോഗ്യ ബില്ലിൽ നിന്നൊഴിവായത് വൻ ആശയക്കുഴപ്പവും അധികാരത്തർക്കവും. രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് മാത്രമായിരിക്കുമെന്ന തരത്തിലുള്ള നിർദേശത്തിൽ ഇതര ചികിത്സാ വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട നിയമമെന്ന പ്രത്യേകതയുമുണ്ട് ഏകീകൃത പൊതുജനാരോഗ്യ ബില്ലിന്.
പകർച്ച വ്യാധിയിൽ നിന്ന് രോഗമുക്തി നേടിയെന്ന സർട്ടിഫിക്കറ്റ് നൽകേണ്ടത് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന മെഡിക്കൽ പ്രാക്ടീഷണർ എന്നായിരുന്നു ബിൽ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. ഇതോടെ അലോപ്പതി ഇതര വിഭാഗങ്ങൾ പുറത്താവുന്ന സ്ഥിതിയായി. സെലക്ട് കമ്മിറ്റിയിൽ വന്നപ്പോൾ പ്രതിപക്ഷ അംഗങ്ങൾ വിയോജിച്ചു. സഭ പാസാക്കിയ ബിൽ പ്രകാരം രജിസ്റ്റർ ചെയ്ത ഏത് മെഡിക്കൽ പ്രാക്ടീഷണർക്കും രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാം എന്നാണ്. വലിയ അധികാരത്തർക്കമാണ് ഇതോടെ ഒഴിവായത്.
ബിൽ പ്രകാരം സംസ്ഥാനതലം മുതൽ പ്രാദേശിക തലം വരെ പബ്ലിക് ഹെൽത്ത് ഓഫീസർമാർ നിലവിൽ വരികയാണ്. ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസറാകും തദ്ദേശതലത്തിൽ പബ്ലിക് ഹെൽത്ത് ഓഫീസർ. പരിശോധനകൾ, നടപടികൾ ഉൾപ്പടെ വിപുലമായ അധികാരമുള്ള പബ്ലിക് ഹെൽത്ത് ഓഫീസറുടെ കാര്യത്തിൽ അധികാര ദുർവിനിയോഗം ഒഴിവാക്കാൻ വ്യവസ്ഥ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഏകാരോഗ്യ സങ്കൽപ്പത്തിലാണ് ബിൽ. ഉദ്യോഗസ്ഥ, രോഗമുക്ത തുടങ്ങി പൂർണമായും സ്ത്രീലിംഗത്തിലാണ് ബില്ലിൽ വ്യക്തികളെ പരാമർശിച്ചിരിക്കുന്നത്. സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട രാജ്യത്ത് തന്നെ ആദ്യത്തെ നിയമമമെന്നാണ് വകുപ്പ് അവകാശപ്പെടുന്നത്. അതേസമയം, കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ ബിൽ ചർച്ചയില്ലാതെ പാസാക്കിയെടുത്തതിൽ പ്രതിപക്ഷത്തിന്റെ അതൃപ്തി ബാക്കിയാണ്.