ദില്ലി: ഹിമാചൽ പ്രദേശിന് പുറമെ, പശുസംരക്ഷണത്തിന് മദ്യ വിൽപനക്ക് സെസ് ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ എല്ലാ ബ്രാൻഡുകളിലുള്ള മദ്യക്കുപ്പികൾക്കും മൂന്ന് രൂപയാണ് സെസ് ഏർപ്പെടുത്തുന്നത്. പശു സംരക്ഷണം, സ്ത്രീ ക്ഷേമം, കായികം എന്നിവക്ക് ഓരോ രൂപ വീതമാണ് സെസിൽ നിന്ന് ഉപയോഗിക്കുകയെന്നും സർക്കാർ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിന്റെ എക്സൈസ് നയം പുനഃപരിശോധിക്കാൻ തീരുമാനമായത്.
മൂന്ന് രൂപ സെസ് ഏർപ്പെടുത്തിയതിന് പുറമെ, മദ്യവില കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഇതുവഴി മദ്യത്തിന് ബ്രാൻഡ് അനുസരിച്ച് കുപ്പി ഒന്നിന് 100 രൂപ മുതൽ 300 രൂപ വരെ വില കുറയും. വിദേശമദ്യം വിൽക്കുന്ന ലൈസൻസുള്ളവർക്ക് 10ശതമാനം ഫീസ് അടച്ച് വീണ്ടും പ്രവർത്തിപ്പിക്കാമെന്നും നാടൻ മദ്യവിൽപ്പനശാലകളുള്ള ലൈസൻസുള്ളവർക്ക് 15% അധിക ഫീസ് അടച്ച് കച്ചവടം തുടരാമെന്നും സംസ്ഥാന എക്സൈസ് സെക്രട്ടറിയും കമ്മീഷണറുമായ ഹരിചന്ദ്ര സെംവാൽ പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാറിന്റെ ഈ വർഷം മദ്യശാലകളിൽ നിന്നുള്ള വരുമാനം 4000 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം 3600 കോടിയായിരുന്നു ലക്ഷ്യം.
നാടൻ മദ്യത്തിൽ മായം ചേർക്കുന്നത് തടയാൻ ഗ്ലാസ് ബോട്ടിലുകൾക്ക് പകരം ടെട്രാ പായ്ക്കറ്റുകളിലാക്കി വിൽക്കാൻ സർക്കാർ തീരുമാനിച്ചു. പുതിയ വ്യവസ്ഥകൾ പ്രകാരം ഉത്തരാഖണ്ഡിലെ മദ്യവില ഇനി ഉത്തർപ്രദേശിലേതിന് സമാനമായി തുടരും. ഉത്തർപ്രദേശിനെ അപേക്ഷിച്ച് ബ്രാൻഡിന്റെ മദ്യവിലയിൽ 20 രൂപയിൽ കൂടുതൽ വിലയിൽ വ്യത്യാസമുണ്ടാകില്ലെന്നും മദ്യക്കടത്ത് തടയാനാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ കരൺ മഹാര സർക്കാരിന്റെ തീരുമാനത്തെ എതിർത്തു. തീരുമാനം ദൗർഭാഗ്യകരമാണെന്നും പുതിയ നടപടി മദ്യമാഫിയക്ക് പൂർണ സംരക്ഷണം നൽകുന്നതാണെന്നും എല്ലാ വീടുകളിലും മദ്യം എത്തിക്കാനുള്ള നീക്കമാണെമെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരാഖണ്ഡിലെ 32% പുരുഷന്മാരും മദ്യം ഉപയോഗിക്കുന്നതായാണ് കണക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന മദ്യ ഉപഭോഗ നിരക്കാണിത്.