കോട്ടയം: ബ്ലൂ ഇക്കോണമി നയം നടപ്പാക്കി വന്‍കിട കുത്തകള്‍ക്കും കോര്‍പ്പറേറ്റ് ശക്തികള്‍ക്കും കടല്‍ വില്‍ക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (എം )സംസ്ഥാനതല രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നയം നടപ്പായാല്‍ രാജ്യത്തെ 1.5 കോടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമായ മത്സ്യബന്ധനമേഖല പൂര്‍ണമായും വന്‍കിടക്കാര്‍ കൈയേറും. ഇത് സമുദ്രത്തിലെ മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് വരുത്തും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും.തീരദേശമേഖല പൂര്‍ണമായും കുത്തകള്‍ക്ക് കൈമാറുന്നതാണ് നയത്തിലെ പല വ്യവസ്ഥകൾ. കടലിന്റെയും തീരദേശത്തിന്റെയും സ്വാഭാവികഘടനയില്‍ വന്‍വ്യതിയാനം സംഭവിക്കുന്ന വിധത്തിലാണ് ഏഴ് മേഖലകളായി കടലിനെ വിഭജിച്ചു കൊണ്ടുള്ള നയത്തിന്റെ കരടിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. കരട് രേഖ നടപ്പായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കും.
ആദിവാസി-ഗോത്രവിഭാഗങ്ങളെ വനാവകാശ നിയമത്തിലൂടെ സംരക്ഷിച്ചതുപോലെ കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ക്കായി കടലവകാശ നിയമ നിര്‍മ്മാണം നടത്താന്‍ രാജ്യം തയ്യാറാകണം. ഇക്കാര്യം രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ജോസ് കെ.മാണി അറിയിച്ചു..
ബേബി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം മേഖല കോര്‍ഡിനേറ്ററായി ഫോര്‍ജിയോ റോബര്‍ട്ടും, കണ്‍വീനര്‍മാരായി അഡ്വ.ഐവിന്‍ ഗാന്‍ഷ്യസ്,സന്തോഷ് ഷണ്‍മുഖനെയും എറണാകുളം മേഖല കോര്‍ഡിനേറ്ററായി ജോസി .പി.തോമസിനെയും കണ്‍വീനര്‍മാരായി പി.കെ.രവി, സജി ഫ്രാന്‍സിസിനെയും തെരെഞ്ഞെടുത്തു.