കോഴിക്കോട്: കേരളത്തിലും റംസാന്‍ വ്രതാരംഭം നാളെ തുടങ്ങും. കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാന്‍ വ്രതാരംഭം ആരംഭിക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. നാളെ (വ്യാഴം) റമദാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവരും അറിയിച്ചു.
അതേസമയം ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല. ഒമാന്‍റെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക.