ന്യൂഡൽഹി∙ ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്‍റെ വിമര്‍ശനം.
മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍.ജോണ്‍ സത്യന്‍റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിട്ടും അംഗീകാരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആശങ്കപ്പെടുത്തുന്ന നടപടിയാണ്. ശുപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.