റാഞ്ചി: ജാർഖണ്ഡിൽ പൊലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ആറ് പൊലീസുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ജാർഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്.
ഒരു കേസിൽ പ്രതികളായ രണ്ടു പേരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. മരണപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തേടിയെത്തിയതാണ് പൊലീസ്. ബുധനാഴ്ച വെളുപ്പിനാണ് പൊലീസ് ഭഷണ്‍ പാണ്ഡയുടെ വീട് വളഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് ഭൂഷൺ പാണ്ഡെ ഓടി രക്ഷപ്പെട്ടു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ നിന്നിറങ്ങി ഓടി. ബഹളമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടതെന്ന് കുടുംബം പറഞ്ഞു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നുവെന്നാണ് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബുധനാഴ്ച്ച പുലർച്ചെ 3.20 നാണ് പൊലീസുകാർ വീട്ടിൽ റെയ്ഡിന് എത്തിയതെന്നാണ് ഭൂഷൺ കുമാർ പറയുന്നത്. ഭൂഷൺ പാണ്ഡെയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് പ്രതിയെ തെരഞ്ഞ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ദിയോരി പൊലീസ് സ്റ്റേഷനിലെ സംഘമാണ് റെയിഡിനെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.
ആറ് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടതയാ ജാർഖണ്ഡ് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.