അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അതിൽ ഏറ്റവും വലിയ മാറ്റം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടത് തന്നെയാണ്. അപ്പോൾ 27 വർഷം ജയിലിനകത്ത് കിടന്ന് പുറത്തിറങ്ങുന്ന ഒരാളെ സംബന്ധിച്ച് ഈ ലോകം എത്രമാത്രം മാറിക്കാണും. അങ്ങനെ ഒരാൾ തന്റെ അനുഭവം വിവരിക്കുകയാണ്. ആളുടെ പേര് ബോബി ബോസ്റ്റിക്.
ജയിലിൽ ആയിരുന്നു 27 വർഷമായി ബോബി. കഴിഞ്ഞ നവംബറിലാണ് ആള് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. 1995 -ൽ തുടർച്ചയായി ചെയ്ത 17 കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ ജയിലിലായത്. പതിനാറാമത്തെ വയസിൽ ഒരു സുഹൃത്തിനൊപ്പം മിസോറിയിൽ മോഷണത്തിനിറങ്ങിയതായിരുന്നു ഇയാൾ. ഇപ്പോൾ ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മാറിയ ലോകവുമായി പൊരുത്തപ്പെടാൻ വല്യ പാടാണ് എന്നാണ് കക്ഷി പറയുന്നത്.
44 -ാമത്തെ വയസിലാണ് ബോബി പുറത്തിറങ്ങിയിരിക്കുന്നത്. ലോകം ഒരുപാട് മാറിപ്പോയി എന്നാണ് ബോബി പറയുന്നത്. ഇയാൾ പറയുന്ന പ്രധാന മാറ്റം സാങ്കേതിക വിദ്യ തന്നെയാണ്. എല്ലാവരും വയറില്ലാത്ത ഫോൺ ഒക്കെ ഉപയോഗിക്കുന്നത് കാണുന്നത് ആൾക്ക് ഒരു പുതിയ സംഭവമാണ്. അതുപോലെ തന്നെ അലക്സ പോലെയുള്ളവയും ഒന്നും ബോബിക്കങ്ങോട്ട് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല.
അതുപോലെ തന്നെ ആളുകൾ സംസാരിക്കുന്ന രീതിയും ബോബിയെ അത്ഭുതപ്പെടുത്തി എന്നാണ് പറയുന്നത്. ഉദാഹരണത്തിന് ഗ്രോസറി സ്റ്റോറിൽ പോകുമ്പോൾ അവിടുത്തെ ജോലിക്കാർ ‘സർ, താങ്കൾക്ക് എന്ത് സഹായമാണ് വേണ്ടത്’ എന്നൊക്കെ ചോദിക്കുന്നത് ഇത്രയും വർഷം ജയിലിന്റെ അകത്ത് കിടന്ന ആളെന്ന രീതിയിൽ ബോബിക്ക് അത്ഭുതം തന്നെയാണ്. അതുപോലെ ആളുകൾ പരസ്പരം കാണുമ്പോൾ വിഷ് ചെയ്യുന്നതും സുഖമാണോ എന്ന് ചോദിക്കുന്നതും ഒക്കെ പുതിയ അനുഭവമായിട്ടാണ് അയാൾ കാണുന്നത്.
ജയിൽ മോചിതനായതിനുശേഷം, ബോബി, മിസോറിയിലെ സെന്റ് ലൂയിസിൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഡിയർ മാമയുടെ സഹസ്ഥാപകനായി. സഹോദരിക്കൊപ്പം ചേർന്നാണ് ബോബി ഇത് തുടങ്ങിയത്. ഇപ്പോഴും സാമ്പത്തിക കാര്യത്തിൽ പ്രയാസം തന്നെയാണ് എന്ന് ബോബി പറയുന്നു. തന്റെ പുസ്തകങ്ങൾ വിറ്റും മറ്റുമാണ് വാടകയും മറ്റും നൽകുന്നത് എന്നും ബോബി പറയുന്നു.
ഏതായാലും ജീവിതത്തിന്റെ നല്ല പങ്കും ജയിലിൽ കഴിഞ്ഞ ബോബി പറയുന്നത് പുറത്തുള്ള ഈ ജീവിതം മനോഹരമാണ് എന്ന് തന്നെയാണ്.