ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2024 മാർച്ച് 31 ആണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധി. മുൻപ് നൽകിയ കാലാവധി 2023 ഏപ്രിൽ 1ന് അവസാനിക്കാനിരിക്കെയാണ്, വീണ്ടും സമയപരിധി പുതുക്കിയിരിക്കുന്നത്.കേന്ദ്രസർക്കാരിന്റെ പ്രധാന ബോധത്കരണ ക്യാമ്പയിനുകളിലൊന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുക എന്നത്. കള്ള വോട്ട് തടയുക എന്നതായിരുന്നു ഇലക്ഷൻ കമ്മീഷന്റെ പ്രധാന ലക്ഷ്യം.
ഒരേ വ്യക്തി ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ അല്ലെങ്കിൽ ഒരേ മണ്ഡലത്തിൽ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചറിയാൻ ഈ രീതി സഹായകരമാകുമെന്നും, ഇതിലൂടെ കള്ളവോട്ടുകൾ ഒരു പരിധിവരെ തടയാനാകുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്ന് കേന്ദ്രസർക്കാർ നേരത്തെ പല തവണ ആവർത്തിച്ചിരുന്നു.
വോട്ടർമാരുടെ ആധാർ നമ്പറുകൾ ശേഖരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ 2022 ആഗസ്ത് 1 ന് ക്യാമ്പെയിന് തുടക്കമിട്ടിരുന്നു. ഡിസബർ 12 വരെ 54.32 കോടി ആധാർ നമ്പറുകൾ ശേഖരിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം. ജനുവരി 1 വരെയുള്ള തെരഞ്ഞഎടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം രാജ്യത്ത് 95 കോടി വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ്, തിരഞ്ഞെടുപ്പ് വിവരങ്ങളുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്.
അതേസമയം ആധാർ കാർഡും, വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നത് സർക്കാർ നിലവിൽ നിർബന്ധമാക്കിയി്ട്ടില്ലെങ്കിലും, ഭാവിയിൽ നിർബന്ധമാക്കാൻ സാധ്യതയുമുണ്ട്. ആധാർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് വോട്ടർ ഐഡി നമ്പർ, ആധാർ നമ്പർ എന്നിവ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.