മോഷണത്തിനിടയിൽ ആനമണ്ടത്തരം ചെയ്ത് പിടിയിലായ നിരവധി കള്ളന്മാരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അവയിലെല്ലാം വെച്ച് ഏറ്റവും വലിയ മണ്ടത്തരം ചെയ്തത് ഈ കള്ളന്മാരായിരിക്കും. അമേരിക്കയിലെ മിൽവാക്കിയിൽ ആണ് സംഭവം. ഒരു അപ്പാർട്ട്മെന്റിൽ മോഷണത്തിനായി കയറിയ കൊള്ളസംഘം അവിടെ നിന്നും ഏകദേശം 8,000 ഡോളർ മോഷ്ടിച്ചു. അതായത് എട്ട് ലക്ഷം രൂപ. വസ്തുവിന്റെ ചുമതലയുള്ള എറിക്ക വിൻഷിപ്പ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നത്.
മോഷണത്തിന് ശേഷം കള്ളന്മാരിലൊരാൾ സിസിടിവി ക്യാമറയ്ക്ക് അരികിലെത്തി. അയാൾക്ക് അത് എന്താണെന്ന് മനസ്സിലായതു പോലുമില്ല എന്നതാണ് സത്യം. കൂട്ടത്തിലുണ്ടായിരുന്ന കള്ളന്മാരോട് ഇതെന്താണ് സാധനം എന്ന് ചോദിച്ചുകൊണ്ട് അയാൾ അതെടുത്ത് ബാഗിലിട്ടു. മോഷണം വിജയകരമായി പൂർത്തിയാക്കി കള്ളന്മാർ തങ്ങളുടെ ഒളിസങ്കേത്തിൽ എത്തി. മോഷണമുതൽ ബാഗിൽ നിന്നും എടുത്ത് പുറത്ത് വെച്ചു. കൂട്ടത്തിൽ ക്യാമറയുമുണ്ട്. മോഷണമുതൽ പങ്കിടാനായി എല്ലാവരും കൂടിയിരുന്ന മേശയുടെ മധ്യഭാഗത്ത് തന്നെ ക്യാമറയും വെച്ചു.
കള്ളന്മാരുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ. ഈ സമയങ്ങളിലെല്ലാം ക്യാമറ ഓണായിരുന്നു. കള്ളന്മാരുടെ മുഴുവൻ ചലനങ്ങളും ശബ്ദങ്ങളും അണുവിടവിടാതെ ക്യാമറ ഒപ്പിയെടുത്തു. അതെല്ലാം മോഷണത്തിനായി കയറിയ വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന സെക്യൂരിറ്റി ഫൂട്ടേജിൽ കൃത്യമായി കിട്ടുകയും ചെയ്തു. കള്ളന്മാർ മോഷണ മുതൽ പങ്കിടുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതുമൊക്കെ ക്യാമറയിൽ കൃത്യമായി പതിഞ്ഞിരുന്നു. പിന്നെ പറയണ്ടല്ലോ കാര്യം, പൊലീസ് കൃത്യമായി അവർ ഇരിന്നിടത്തു വന്ന് പൊക്കിയെടുത്ത് ജയിലിലിട്ടു.
മോഷണം നടന്നതിന് ശേഷം കള്ളന്മാരിലൊരാൾ ക്യാമറ നശിപ്പിക്കുന്നത് വരെ എട്ടു ദിവസത്തോളം കൊള്ള സങ്കേത്തിലെ ദൃശ്യങ്ങൾ ഈ ക്യാമറയിൽ പതിഞ്ഞിരുന്നു. ഏതായാലും ഇതിലും വലിയൊരു അബദ്ധം ആ തസ്കരവീരന്മാർക്ക് ഇനി പറ്റാനില്ല.