ബംഗളൂരു: കർണാടകയിലെ ശ്രാവണബലഗോള ജൈനമഠത്തിലെ പുരോഹിതൻ ചാരുകീർത്തി ഭട്ടാരക സ്വാമി (74) അന്തരിച്ചു. ഇന്ന് രാവിലെ ബെല്ലൂരിലെ ആദിചുഞ്ചനഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു മാസമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. പ്രഭാത സവാരിക്കിടെയുണ്ടായ വീഴ്ചയെ തുടർന്ന് ചാരുകീർത്തി ഭട്ടാരക സ്വാമിയുടെ എല്ല് പൊട്ടിയിരുന്നു.
സംസ്കാര ചടങ്ങുകൾ ജൈന മതാചാരപ്രകാരം സംസ്ഥാന ബഹുമതികളോടെ നാളെ നടക്കും. ഉച്ചക്ക് 12.30 മുതൽ ചാവുന്ദരായ മഠത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് 4.30ന് വിലാപയാത്രയായി കൊണ്ടു പോകുന്ന ഭൗതികശരീരം ചന്ദ്രഗിരി ചക്കി മലയോട് ചേർന്നുള്ള ബോലുബെട്ടയിൽ സംസ്‌കരിക്കുമെന്ന് ജൈന മഠം അധികൃതർ അറിയിച്ചു.
1949 മേയ് മൂന്നിന് കർണാടകയിലെ വാറങ്കിലാണ് ചാരുകീർത്തി ഭട്ടാരക സ്വാമിയുടെ ജനനം. 1969 ഡിസംബർ 12ന് ശ്രാവണബലഗോള പീഠത്തിൽ സന്യാസം സ്വീകരിച്ചു. പ്രാകൃത്, സംസ്കൃത പണ്ഡിതനായിരുന്നു അദ്ദേഹം.
ശ്രാവണബലഗോളയിലെ ഗോമ്മതേശ്വര പ്രതിമയുടെ മഹാമസ്തകാഭിഷേകം നാലു തവണ (1981, 1993, 2006, 2018) നടത്തിയ പുരോഹിതനാണ് അദ്ദേഹം. 12 വർഷത്തിലൊരിക്കൽ ആണ് മഹാമസ്തകാഭിഷേകം നടക്കുന്നത്.