കാസർകോട്: കെ.എസ്.ആര്.ടി.സി കാസര്‍കോട് ബി.ടി.സിയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24ന് യാത്ര പുറപ്പെട്ട് 26ന് തിരിച്ചെത്തും. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ ടൂറിസ്റ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാൻ സാധിക്കും. ഒരു ദിവസം വയനാട്ടില്‍ താമസിച്ച് കാലാവസ്ഥയും ഭക്ഷണരീതിയും അറിയുവാനും ഈ യാത്ര ഉപകരിക്കും.
വയനാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. കേരളത്തിലെ ഏറ്റവും വലിയ എര്‍ത്ത് ഡാമായ ബാണാസുര ഡാം, പൂക്കോട് തടാകം, താമരശ്ശേരി ചുരം വ്യൂ, പഴശ്ശി സ്മാരകം, എടയ്ക്കല്‍ ഗുഹ, കര്‍ലാട് തടാകം, കുറുവ ദ്വീപ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
പ്രമുഖ ഹില്‍ സ്റ്റേഷനായി തൊള്ളായിരം കണ്ടിയും ഗ്ലാസ്പാലം അഡ്വഞ്ചര്‍ റൈഡും അനുഭവിക്കാനും ഈ യാത്രയിലൂടെ സാധിക്കും. വന്യമൃഗങ്ങളെ നേരില്‍ കാണാന്‍ ബത്തേരിയിലെ ജംഗിള്‍ സഫാരിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്-മുന്നാര്‍ യാത്രയും കാസര്‍കോട്-കണ്ണൂര്‍ യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഫോണ്‍ 9495694525, 9446862282.