ഗുരുഗ്രാം: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. ഹരിയാന സ്വദേശികളായ രണ്ട് യുവാക്കള്‍ക്കെതിരെയാണ് യുവതി വ്യാജ പരാതി നല്‍കിയത്. സംഭവത്തില്‍ നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ പരാതി പിന്‍വലിക്കാനായി രണ്ടു ലക്ഷം രൂപയാണ് യുവതി യുവാക്കളോട് ആവശ്യപ്പെട്ടത്.
ഫേസ്ബുക്ക് സുഹൃത്തായ യുവാവിനും സുഹൃത്തിനുമെതിരെയാണ് യുവതി വ്യാജ ബലാത്സംഗ പരാതി നല്‍കിയത്. മാർച്ച് 17നാണ് സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി രണ്ടു യുവാക്കൾക്കെതിരെ പരാതി നൽകിയത്. ഫേസ്ബുക്ക് സുഹൃത്ത് തന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് ഒഴിവാക്കാമെന്നും പരാതി പിന്‍വലിക്കാനായി രണ്ടു ലക്ഷം രൂപ തരണമെന്നും യുവതി യുവാക്കളോട് ആവശ്യപ്പെട്ടത്.
പൊലീസ് കേസെടുത്തതോടെ ഭയന്നുപോയ യുവാക്കളിൽ ഒരാളുടെ സഹോദരൻ യുവതിക്ക് രണ്ടു ലക്ഷം അയച്ചു നൽകുകയും ചെയ്തു. എന്നാൽ യുവതി വീണ്ടും പണം ചോദിച്ചു. നാലു ലക്ഷം രൂപ കൂടി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. ഇതോടെ യുവാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
ഇതോടെ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതിനിടെ പൊലീസ് അന്വേഷണത്തിനിടെ യുവതി സമാനമായ ഒരു പീഡനക്കേസ് ദില്ലിയിലെ അമൻ വിഹാർ പൊലീസ് സ്റ്റേഷനിലും നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും വ്യാജ പരാതിയാണെന്ന് കണ്ടെത്തിയിരുന്നു.