ദില്ലി : രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.
‘രാഹുൽ ഗാന്ധിയുടെ പുതിയ പ്രസ്താവനകളിൽ ആശ്ചര്യമില്ല. രാഷ്ട്രീയ വാഗ്വാദത്തത്തെ തരംതാഴ്ത്തുന്ന നിലപാടായിരുന്നു മുൻകാലങ്ങളിൽ അദ്ദേഹം സ്വീകരിച്ചത്. വ്യക്തി അധിക്ഷേപം നടത്തുന്നയാളാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ 2019 ൽ അദ്ദേഹം റാഫേൽ ഇടപാടിൽ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചു. കോടതിയിൽ ഈ വാദങ്ങൾ വിലപ്പോയില്ല. കേസിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.
ചൗകിദാർ ചോർ ഹേ എന്ന അദ്ദേഹത്തിന്റെ പ്രസ്താവനകളും സുപ്രീം കോടതിയിൽ വിമർശിക്കപ്പെട്ടു. അദ്ദേഹം ക്ഷമാപണം നടത്തി. 2019 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ഇത് പറഞ്ഞ് അധിക്ഷേപിച്ചു. സ്വന്തം സീറ്റിൽ അദ്ദേഹവും രാജ്യത്തെമ്പാടും അദ്ദേഹത്തിന്റെ പാർട്ടിയും തോൽക്കുന്നത് നമ്മൾ കണ്ടു.
ഇപ്പോൾ രാഹുൽ ഗാന്ധി മുഴുവൻ ഒബിസി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്. കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകും. 2019 ൽ അദ്ദേഹത്തിന് ജനം മാപ്പ് നൽകിയില്ല. 2024 ൽ ശിക്ഷ കൂടുതൽ കനത്തതാവും,’- ജെപി നദ്ദ പ്രസ്താവനയിൽ പറഞ്ഞു.