ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്. രാഹുൽ ഒബിസി വിഭാഗത്തെ ഒന്നാകെയാണ് അപമാനിച്ചതെന്ന് ഭൂപേന്ദ്രയാദവ് കുറ്റപ്പെടുത്തി. പാർലമെൻറിനെയും ‘ജുഡീഷ്യറിയെയും അപമാനിച്ചു. വിദേശത്ത് പോയി രാജ്യത്തെയും അപമാനിച്ചയാളാണ് രാഹുൽ ഗാന്ധിയെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. രാഹുൽ ഗാന്ധി അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, സമുദായത്തെയാകെയാണ് എന്ന തരത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇതു സംബന്ധിച്ച പരാമർശവുമായി രംഗത്തെത്തിയത്.
2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. മോദി എന്ന് പേരിൽ ഉള്ളവരെല്ലാം കള്ളന്മാരാകുന്നതെങ്ങനെയാണ് എന്ന പരാമർശമാണ് കേസിന് ആധാരമായത്. കോടതിവിധിയെ സ്വാഗതം ചെയ്ത് ബിജെപി കടുത്ത ആക്രമണമാണ് രാഹുലിനെതിരെ നടത്തുന്നത്. മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.
കോടതി വിധിക്ക് പിന്നാലെ ആദ്യ പ്രതികരണമായി മഹാത്മാ ഗാന്ധിയുടെ വാചകമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ‘അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം, സത്യമാണ് ദൈവം, അഹിംസ ആ സത്യത്തിലേക്കുള്ള മാർഗവും’ എന്ന ഗാന്ധിജിയുടെ വാചകമാണ് രാഹുൽ ട്വിറ്ററിലൂടെ പങ്കുവച്ചത്. കോടതിവിധിയിൽ രാഹുൽ ഭയപ്പെടില്ലെന്നും സത്യം പറയുന്നത് അദ്ദേഹം തുടരുമെന്നും സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.