തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്വേച്ഛാധിപത്യത്തിന്‍റെ കൂച്ചുവിലങ്ങുകളിൽ തളയ്ക്കപ്പെടാൻ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാൻ ശക്തമായ പ്രതിരോധമുയർത്തണം. ‘ജനാധിപത്യത്തിന്‍റെ മാതാവ്’ എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്‍റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബി.ജെ.പി സർക്കാർ -അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇ.ഡി, സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബി.ജെ.പി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ്. ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നു വരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.