തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കങ്ങളെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെന്തായി തീരും? ഇന്ത്യയില്‍ ജനാധിപത്യം തുടരുമോ, അതോ നിയന്ത്രിത ജനാധിപത്യത്തിലേക്ക് മാറുമോയെന്ന് ആശങ്കപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്നത്. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈഘട്ടത്തില്‍ ജനാധിപത്യം നിയന്ത്രിക്കാനുള്ള മോദി സര്‍ക്കാരിന്റെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പോരാടണമെന്ന് എ.കെ.ആന്റണി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായി ആസൂത്രിത നീക്കം നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബി.ജെ.പിയും മോദിയും എന്തുകൊണ്ടോ രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നു. അതുകൊണ്ടാണ് തുടരെ തുടരെ രാഹുല്‍ ഗാന്ധിക്കെതിരെ ഇത്തരം നീക്കങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഗുജറാത്തിലെ സൂറത്തില്‍ കേസെടുക്കുന്നതും ഭാരത് ജോഡോ യാത്രയില്‍ ശ്രീനഗറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ നാല്‍പത്തിയഞ്ച് ദിവസം കഴിഞ്ഞ് ഡല്‍ഹി പൊലീസ് കേസെടുക്കുന്നതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി രാഹുല്‍ ഗാന്ധിക്കെതിരായി ബി.ജെ.പിയും ആർ.എസ്.എസും മുപ്പതിലേറെ കേസുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്തുന്നതിനായി ഏതറ്റവരെയും പോകുമെന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിനെതിരെ സൂറത്ത് കോടതി തന്നെ മുപ്പത് ദിവസത്തേക്ക് കോടതി വിധി സ്‌റ്റേ് ചെയ്ത് അപ്പീല്‍ നല്‍കാനുള്ള സാഹചര്യത്തില്‍ അതൊന്നും വകവയ്ക്കാതെ അദ്ദേഹത്തെ അയോഗ്യനാക്കി പ്രഖ്യാപിച്ചത്.
ഇത് രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസിന്റെയോ പ്രശ്‌നമല്ല. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരായി ശബ്ദിക്കുന്നവര്‍ക്കെതിരെ അവരെ നിശബ്ദരാക്കാനുള്ള സംഘടിതമായ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും നീങ്ങുകയാണ്. അതിനാല്‍ ഈ കാലഘട്ടത്തില്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ എല്ലാം മറന്ന് ഒരുമിച്ച് നിന്ന് പോരാടണമെന്ന് എ.കെ.ആന്റണി പറഞ്ഞു.