കൊച്ചി: വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുമായി ബിപിസിഎൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിപിസിഎൽ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് 110 ചാർജിംഗ് സ്റ്റേഷനുകളാണ് തുറക്കുക.
കേരളത്തിൽ മൂന്ന് ഇടനാഴികളിലായി 19 ചാർജിംഗ് സ്റ്റേഷനുകളാണ് തുറക്കുക. കർണാടകത്തിൽ 33 ഉം തമിഴ്നാട്ടിൽ 58 ഉം ഇന്ധന സ്റ്റേഷനുകളിലായാണ് ചാർജിംഗ് പോയിന്‍റ്. മൊത്തം അയ്യായിരം കിലോമീറ്ററിന് ഇടയിൽ 110 വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണ് തുടങ്ങുക. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒന്നാമത്തെ വൈദ്യുത ഇടനാഴി. കോഴിക്കോട്-വയനാട്, എറണാകുളം-തൃശ്ശൂർ-പാലക്കാട് എന്നീങ്ങനെയാണ് മറ്റ് രണ്ടെണ്ണം.
പ്രധാന തീർത്ഥാടന , വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഇടനാഴി. ഗുരുവായൂർ, കാടാമ്പുഴ ക്ഷേത്രങ്ങളെയും, വല്ലാർപാടം ബസലിക്ക , കൊരട്ടി സെന്‍റ് ആന്‍റണീസ് ചർച്ച് , മർക്കസ് നോളജ് സിറ്റി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ഇടനാഴിയുമായി ബന്ധിപ്പിക്കും. 125 കിലോമീറ്റർ റേഞ്ച് കിട്ടാൻ അര മണിക്കൂർ ചാർജ് ചെയ്താൽ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം. അതിനാൽ നൂറ് കിലോമീറ്റർ ഇടവിട്ടാകും വൈദ്യുത ചാർജിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
ബിപിസിഎൽ ഇതുവരെ 21 ഹൈവേകൾ വൈദ്യുത ഇടനാഴിയാക്കി മാറ്റി. മാർച്ച് 31ന് അകം 200 ഹൈവേകൾ കൂടി അതിവേഗ വൈദ്യുത വാഹന ചാർജിംഗ് സൗകര്യമുള്ളതാക്കി മാറ്റാനാണ് തീരുമാനം. പ്രമുഖ കഫേ , റെസ്റ്റൊറന്‍റ് ബ്രാൻഡുകളുമായി കോർത്ത് ഓരോ സ്റ്റേഷനുകളിലും മികച്ച പശ്ചാത്തല സൗകര്യവും ഒരുക്കും. ചാർദിംഗ് സ്റ്റേഷനുകൾ കൂടുന്നതോടെ രാജ്യത്ത് വൈദ്യുത വാഹന വളർച്ച കൂട്ടുമെന്നാണ് ബിപിസിൽ വിലയിരുത്തൽ.