കോട്ടയം: തിരുവഞ്ചൂരിന്റെ മകന് വീണ്ടും യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹിത്വം. അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചു. സംസ്ഥാനത്തുനിന്നുള്ള എതിർപ്പിനെ തുടർന്ന് രണ്ടുവർഷം മുമ്പ് അർജുന്റെ നിയമനം മരവിപ്പിച്ചിരുന്നു. വീണ്ടും തയ്യാറാക്കിയ ഭാരവാഹി പട്ടികയിലാണ് അർജുൻ ഇടം പിടിച്ചത്.
2021ല്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനമാണ് ദേശീയ നേതൃത്വം തടഞ്ഞത് . അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു. കേരളത്തിലെ വക്താവായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്.
സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയർന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയായിരുന്നു ദേശീയ നേതൃത്വം ഇടപെട്ടത്.












