ബെംഗളുരു: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കർണാടകയിൽ ബിജെപി സർക്കാറിന്റെ നിർണായക നീക്കം. നിലവിൽ സംസ്ഥാനത്ത് മുസ്ലിം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം എടുത്തുമാറ്റി. സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീങ്ങൾക്കായി നീക്കിവെച്ച സംവരണമാണ് റദ്ദാക്കിയത്. റദ്ദാക്കിയ സംവരണം കർണാടകയിലെ പ്രബല വിഭാഗമായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് വീതിച്ചു നൽകി.
പുതിയ തീരുമാന പ്രകാരം സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് ഇനി സംവരണം ലഭിക്കുക. നേരത്തെയുണ്ടായിരുന്ന പ്രത്യേക സംവരണം എടുത്തുമാറ്റി. മുസ്ലിം വിഭാഗത്തിന്റെ നാല് ശതമാനം രണ്ട് ശതമാനം വെച്ച് വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് നൽകാനും തീരുമാനമായി. ബിജെപിയുടെ പ്രധാന വോട്ടുബാങ്കാണ് ലിംഗായത്ത് സമുദായം.രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കർണാടകയിൽ മുസ്ലീങ്ങൾക്ക് നൽകുന്ന സംവരണം റദ്ദാക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.