തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസ്സ്. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിച്ചതാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പാരമ്പര്യം. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചവരുടെ പേരിനൊപ്പം പ്രധാനമന്ത്രിയുടെ പേരും പരാമര്‍ശിച്ചതാണോ രാഹുല്‍ ഗാന്ധി ചെയ്ത കുറ്റം. ഭീക്ഷണിപ്പെടുത്തിയാല്‍ തകര്‍ന്ന് പോകുന്നവരല്ല കോണ്‍ഗ്രസ്. ചൂട്ട് കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതണ്ട. ഇതിലും വലിയ പ്രതിസന്ധികളെ കോണ്‍ഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ സഹനശക്തി ബിജെപിക്കറിയില്ല. ജനശക്തിയുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.ആ ജനശക്തിക്ക് മുന്നില്‍ ഏകാധിപത്യ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിപ്രസ്താവത്തില്‍ അവ്യക്തയുണ്ട്. നിസ്സാര കാരണങ്ങളാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ചൂണ്ടിക്കാട്ടിയത്. അതിന് ബിജെപിയും മോദിയും ഭരണകൂടവും മറുപടി പറയേണ്ടിവരും.
രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാജ്യത്ത് അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു നേതാവില്ല. ഇന്നലെ വരെ എതിര്‍ത്തവര്‍ക്കും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന അനിവാര്യ സാഹചര്യമാണിന്ന്. രാഹുല്‍ ഗാന്ധിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചത് സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദമാണ്. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധി നീതിന്യായ വ്യവസ്ഥയിലെ അവസാനത്തേതല്ല. ഇനിയും കോടതികളുണ്ട്. കോണ്‍ഗ്രസ് നിയമപോരാട്ടം തുടരും.അതിനായി നിയമവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ടീമിന് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന് വരുന്ന ജനരോഷത്തില്‍ ബിജെപി ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാതിരുന്ന ഇന്ത്യക്ക് അസ്ഥിയും മജ്ജയും മാംസവും നല്‍കിയത് കോണ്‍ഗ്രസാണ്. സാമ്പത്തിക, വിദ്യാഭ്യാസ, കാര്‍ഷിക,സാങ്കേതിക, വ്യവസായ, വികസന രംഗത്ത് ഉള്‍പ്പെടെ എല്ലാ മാറ്റങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ സംഭവാനകളെ വിറ്റുതുലയ്ക്കുകയും ചങ്ങാത്ത മുതലാളിമാര്‍ക്ക് അടിയറവ് വെയ്ക്കുകയും ചെയ്തവരാണ് ബിജെപി ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.യു.രാധാകൃഷ്ണന്‍, ശശി തരൂര്‍ എംപി, എന്‍.ശക്തന്‍, പാലോട് രവി, ജി.സുബോധന്‍, മരിയാപുരം ശ്രീകുമാര്‍, ജി.എസ്.ബാബു, എം.വിന്‍സന്‍റ് എംഎല്‍എ, വി.എസ്.ശിവകുമാര്‍, ചെറിയാന്‍ ഫിലിപ്പ്, കെ.മോഹന്‍കുമാര്‍, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, നെയ്യാറ്റിന്‍കര സനല്‍, കെ.എസ്.ശബരീനാഥന്‍, പന്തളം സുധാകരന്‍, കരകുളം കൃഷ്ണപിള്ള, ചെമ്പഴന്തി അനില്‍, ആറ്റിപ്ര അനില്‍, തുടങ്ങിയവര്‍ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ നടന്ന സത്യഗ്രഹത്തില്‍ പങ്കെടുത്തു.
ഡിസിസികളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനത്തും ഗാന്ധി പ്രതിമയ്ക്ക് രാവിലെ 10 മണി മുതല്‍ വെെകുന്നേരം 5 മണി വരെയായിരുന്ന സത്യഗ്രഹം സംഘടിപ്പിച്ചത്. എറണാകുളത്ത് പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രമുഖ ചെറുകഥാകൃത്തും സാഹിത്യകാരനുമായ ടി.പത്മനാഭന്‍ കണ്ണൂരും, ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും കൊല്ലത്ത് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിയും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണി എംപിയും തൃശ്ശൂരില്‍ ടി.എന്‍ പ്രതാപന്‍ എംപിയും കോട്ടയത്ത് കെപിസിസി വെെസ് പ്രസിഡന്‍റ് വിടി ബല്‍റാമും പാലക്കാട് വി.കെ.ശ്രീകണ്ഠന്‍ എംപിയും കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താനുംകോഴിക്കോട് എം.കെ.രാഘവന്‍ എംപിയും വയനാട് എന്‍.ഡി. അപ്പച്ചനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എംപിയും സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. അതത് ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലകളില്‍ നടന്ന സത്യഗ്രഹത്തില്‍ പങ്കെടുത്തു.