ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് പരിശോധനകളുടെ വേഗം വർധിപ്പിക്കാനാണ് പ്രധാന നിർദേശം. പല സംസ്ഥാനങ്ങളിലും വേണ്ടത്ര ടെസ്റ്റുകൾ നടത്തുന്നില്ലെന്ന് കേന്ദ്രം പറയുന്നു.ആൾകൂട്ടങ്ങളിലും അടഞ്ഞ ഇടങ്ങളിലും മാസ്ക് ധരിക്കുക, ആൾകൂട്ടവും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും വിവിധ രോഗങ്ങൾ അലട്ടുന്നവരും പരമാവധി ഒഴിവാക്കുക, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം പരമാവധി കുറക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.ആശുപത്രിയിലും പരിസരത്തും ഡോക്ടർമാരും ജീവനക്കാരും രോഗികളും മാസ്ക് ധരിക്കുക എന്നിവയും നിർദേശങ്ങളിൽ പറയുന്നു.
കോവിഡിന്റെ ഒപ്റ്റിമൽ ടെസ്റ്റ് നിലനിർത്തേണ്ടത് നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണും ആരോഗ്യ ഗവേഷണ സെക്രട്ടറി രാജീവ് ബഹലും സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.ഇന്ത്യയിൽ ഇന്ന് 1890 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 149 ദിവസത്തെ ഏറ്റവും ഉയർന്ന രോഗീ നിരക്കാണിത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,433 ആയിട്ടുണ്ട്. ഏഴ് മരണങ്ങളും ഇന്ന് കോവിഡ് മൂലം രേഖപ്പെടുത്തിയിട്ടുണ്ട്.