ദില്ലി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനെതിരെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അധികാരത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയാണ്, അഹങ്കാരിയും ഭീരുവുമാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്നും പ്രിയങ്ക തുറന്നടിച്ചു. ദില്ലിയില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സങ്കല്‍പ് സത്യാഗ്രഹത്തില്‍ സംസാരിക്കെവെയാണ് പ്രിയങ്ക മോദിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
‘നരേന്ദ്ര മോദിയുടെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എന്നിക്കെതിരെയും കേസെടുക്കാം, ജയിലിലേക്ക് അയക്കാം. പക്ഷേ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഒരു ഭീരുവാണ് എന്നതാണ് സത്യം’. അഹങ്കാരിയായ ഭരണധികാരിയെ ജനം വച്ചുപൊറുപ്പിക്കില്ല, അതാണ് നമ്മുടെ രാജ്യത്തിന്‍റെ പാരമ്പര്യം. ബിജെപിയും മോദിയും ഒരാളെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. അദാനിക്ക് നിങ്ങൾ രാജ്യത്തിന്റെ മുഴുവൻ സമ്പത്തും നൽകുന്നത് എന്തിനാണ്?, അദാനിയുടെ പേര് കേൾക്കുമ്പോൾ നിങ്ങൾ പരിഭ്രാന്തരാകുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു.
പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ മാത്രമാണ് രാഹുൽ ഗാന്ധി പാര്‍ലമെന്‍റില്‍ ചോദിച്ചത്, അതിന് ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രി അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നയാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എട്ടുകൊല്ലം അയോഗ്യനാക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും ഭൂഷണമല്ല.
രാഹുൽ രാജ്യത്തെയും, പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ഹാർവാർഡിൽ നിന്നും കേംബ്രിഡ്ജിൽ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവർ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓർമ്മിക്കണം. രക്തസാക്ഷിയായ പിതാവിനെ പലതവണ പാർലമെന്റിൽ അപമാനിച്ചു. അവർക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.