ദില്ലി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2002ൽ ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെയാണ് ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ഇതിനെതിരെ ബിൽക്കീസ് ബാനു നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ബിൽക്കീസ് ബാനുവിനോടൊപ്പം നിരവധി രാഷ്ട്രീയ, പൗരാവകാശ പ്രവർത്തകരും നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും.
ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മാർച്ച് 22 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിഷയം അടിയന്തര ലിസ്റ്റിംഗിനായി നിർദ്ദേശിക്കുകയും ഹർജി കേൾക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു. നവംബർ 30നാണ് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനു സുപ്രീംകോടകതിയിൽ ഹർജി നൽകിയത്. ഗുജറാത്ത് സർക്കാർ ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്.